തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ആർത്തവം എന്നത് മറച്ചുപിടിക്കാനും ലജ്ജിച്ച് തലതാഴ്ത്താനും മാത്രമുള്ള മാറാവ്യാധിയല്ലെന്നും അതൊരു ജൈവിക പ്രക്രിയ മാത്രമാണെന്നും ആൻ സെബാസ്റ്റ്യൻ കുറിപ്പിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ സ്റ്റോറിൽ നിന്ന് സാനിറ്ററി നാപ്കിനുകൾ വാങ്ങി പത്രക്കടലാസിൽ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കൊണ്ടുപോയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ആർത്തവം പത്ത് വയസിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകളിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. മാനവരാശിയുടെ നിലനിൽപ്പ് തന്നെ ഇതിലാണ്. ഈ പ്രക്രിയ കൃത്യമായി നടക്കുന്നില്ലെങ്കിൽ മാത്രമാണ് പ്രശ്നമെന്ന് തിരിച്ചറിയുന്നവരുടെ കാലമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
പനിയോ മൈഗ്രെയ്നോ വന്നാൽ അവധിയെടുക്കുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചില പെൺകുട്ടികൾക്ക് മാസംതോറും ഉണ്ടാകുന്ന അതികഠിനമായ ആർത്തവവേദനയ്ക്കോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കോ അവധി നൽകിയാൽ അവർ 'അബലകളായി' പോകും എന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നും ആൻ സെബാസ്റ്റ്യൻ ചോദിച്ചു. ആർത്തവ അവധി എന്നാൽ എല്ലാ പെൺകുട്ടികളും മാസത്തിൽ മൂന്ന് ദിവസം നിർബന്ധമായും അവധിയെടുക്കണം എന്നല്ല അർത്ഥമാക്കുന്നത്. അത് ആവശ്യമുള്ളവർക്ക് മാത്രം ഉപയോഗിക്കാനുള്ള ഒരു ഓപ്ഷനാണ്. സ്കൂളുകളിലെ നോട്ടീസ് ബോർഡിൽ അവധിയെടുത്തവരുടെ പേരും ക്ലാസും പ്രദർശിപ്പിക്കാനൊന്നും പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
"എനിക്ക് ആവശ്യമില്ല" എന്നതിനർത്ഥം മറ്റാർക്കും ആവശ്യമില്ല എന്നല്ല. ഒരു പൊതുനയം രൂപപ്പെടുത്തേണ്ടത് എല്ലാവരുടെയും അനുഭവം കണക്കിലെടുത്താണ്. സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും, നാപ്കിൻ വെൻഡിംഗ് മെഷീനുകളും, ആരോഗ്യസൗകര്യങ്ങളും അനിവാര്യമാണ്. എന്നാൽ ഇവയും ആർത്തവ അവധിയും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല, മറിച്ച് ഒരുമിച്ച് നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണെന്നും കെഎസ്യു നേതാവ് വ്യക്തമാക്കി. ആർത്തവം ഒരു പാപമോ അനാചാരമോ അല്ലെന്നും അത് കേവലം ബയോളജിക്കൽ പ്രക്രിയ മാത്രമാണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും പറഞ്ഞാണ് ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.